“Book Descriptions: സൈക്കോളജിയിൽ ഗവേഷണം നടത്തുന്ന ഗൗരി എന്ന പെൺകുട്ടി രാത്രി പതിനൊന്നര മണിക്ക് തിരുവനന്തപുരത്തെ കവടിയാർ ജങ്ഷനിൽ ബസ്സിറങ്ങി ഏകയായി നടന്നുപോകുന്നു. വിജനമായ ആ തെരുവില്‍ വെച്ചുണ്ടായ ഭീതിജനകമായൊരു അനുഭവം അവളുടെ മാനസികനിലയാകെ തെറ്റിക്കുന്നു. ബോധരഹിതയായ ഗൗരിയെ പട്രോൾ പോലീസ് കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുന്നു. പിറ്റേദിവസം രാത്രി ഗൗരി വേറൊരു മുറിയിലേക്ക് മാറിക്കിടന്നതിനാൽ അവൾ കിടന്നിരുന്ന ബെഡ്ഡിൽ കിടന്ന മറ്റൊരു രോഗി ഭീകരമായി വധിക്കപ്പെടുന്നു. പോലീസ് അന്വേഷണത്തിനിടെ മണം പിടിച്ചുപോയ പോലീസ്നായ മോർച്ചറിക്കു മുന്നിൽ പോയിനിന്ന് ദയനീയമായി ഓരിയിടുന്നു.
ഗൗരി പഴയ തിരുവിതാംകൂര്‍ ചരിത്രത്തിലെ ഒരു സ്ത്രീയുടെ ശബ്ദത്തില്‍ സംസാരിക്കാൻ തുടങ്ങുന്നു. മന:ശാസ്ത്ര വിദഗ്ദ്ധര്‍ ഗൗരിയിലെ അപരവ്യക്തിത്വം സി വി രാമന്‍പിള്ളയുടെ ചരിത്രാഖ്യായികയായ ‘മാര്‍ത്താണ്ഡവര്‍മ്മ’യിലെ സുഭദ്ര എന്ന കഥാപാത്രമാണ് എന്ന് കണ്ടെത്തുന്നു. ഗൗരിയുടെ പ്രൊഫസ്സറായ വിജയാനന്ദ് ഈ സംഭവങ്ങളുടെ കുരുക്കഴിക്കാൻ ശ്രമിക്കുമ്പോൾ നൂറ്റാണ്ടുകൾ നീളുന്ന പ്രതികാരത്തിന്റെ കഥകളാണ് അനാവരണം ചെയ്യപ്പെടുന്നത്.
ഒരേസമയം ഒരു മനശ്ശാസ്ത്രനോവലായും ഒരു സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ നോവലായും വായനക്കാരനെ ഭീതിയുടെ വലയത്തിൽ കുരുക്കിയിടുന്ന അസാമാന്യ രചനയാണ് അശ്വതിതിരുനാളിന്റെ വിജനവീഥി. ഈ നോവലിനെ അടിസ്ഥാനമാക്കിയാണ് മണിച്ചിത്രത്താഴ് എന്ന സിനിമ രൂപപ്പെടുത്തിയത് എന്നൊരു വിവാദം മുമ്പ് ഉണ്ടായിരുന്നു.” DRIVE