“Book Descriptions: നിതിൻ സത്യസന്ധനാണ്. പക്ഷേ അതു മറ്റുള്ളവർ പ്രതീക്ഷിക്കുന്നതുപോലെയല്ലെന്നു മാത്രം. മനുഷ്യർക്കിടയിൽ അവൻ ഒരു നിസ്സഹായത അനുഭവിക്കുന്നു. അതുകൊണ്ടാണ് ഇരുപതുകളിലെത്തിയ അവൻ തന്നെയും ലോകത്തെയും നിർവ്യാജം നിരീക്ഷിക്കുന്നതും മറ്റൊരു നിവൃത്തിയുമില്ലാതെ രേഖപ്പെടുത്തുന്നതും. അവിടെ തെളിയുന്ന ആഖ്യാനം ഋജുവല്ല, സുമുഖവുമല്ല. 2002 ജൂൺ മുതൽ ഡിസംബർ വരെയുള്ള അർധവർഷത്തിൽ കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിൽനിന്നുള്ള ഒരു ചെറുപ്പക്കാരൻ, അക്കാലത്തെ മറ്റനേകം ചെറുപ്പക്കാരെയും പോലെ, തന്റെ ചുറ്റുമുയരുന്ന നാഗരികതയുടെ ബഹുസ്വരമായ കാലുഷ്യങ്ങളെയും സാധ്യതകളെയും അഭിമുഖീകരിക്കുന്നതാണ് ഈ രചന, അഭിലാഷ് മേലേതിലിന്റെ നിതിന്റെ പുസ്തകം. മറ്റൊരിടത്തേക്കും പറന്നകലാതെ, നമ്മുടെ കൺമുന്നിലെ ഒരൊറ്റയിടത്തിൽതന്നെ മണിക്കൂറുകളോളം ചുറ്റിത്തിരിയുന്ന ഒരു പക്ഷി നൽകുന്ന ഉൽകണ്ഠ പോലെ, ഒരാൾക്കും ആശ്വാസം പകരാനാവാത്ത അലച്ചിലാണ്, ആർക്കും രൂപഭദ്രമാക്കാനാവാത്ത ആവിഷ്കാരമാണു യൌവനം എന്ന ഒരു ആഖ്യാനത്തിലേക്ക് ഈ നോവൽ വികസിക്കുന്നതായി ഞാൻ കാണുന്നു.